പുതിയ ഐ എസ് എൽ സീസണ് മുൻപ് അക്രമണം ശക്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters FC) കിടിലൻ നീക്കം. റഡാറിൽ കഴിഞ്ഞ സീസണിൽ കിടിലൻ ഫോമിൽ കളിച്ച അർജന്റൈൻ താരം
2024-25 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിനായുള്ള (Indian Super League) മുന്നൊരുക്കത്തിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC). സീസണിലെ ആദ്യ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായ മഞ്ഞപ്പട പിഴവുകളിൽ നിന്ന് പാഠമുൾക്കൊണ്ട് ഐ എസ് എല്ലിൽ തിരിച്ചുവരാനുള്ള ശ്രമങ്ങളിലാണ്. അതേ സമയം ഇനിയും ചില സൈനിങ്ങുകൾ മഞ്ഞപ്പട നടത്തുമെന്ന കാര്യം ഉറപ്പാണ്. അതിൽ പ്രധാനപ്പെട്ട ഒരു സൈനിങ് വിദേശ മുന്നേറ്റ താരത്തിന്റേതുമായിരിക്കും.
മുന്നേറ്റ അതിശക്തമാക്കുന്നതിനായി ഒരു വിദേശ താരത്തെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നുവെന്നും അതിന് വേണ്ടി ചില കളിക്കാരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് കഴിഞ്ഞെന്നുമാണ് സൂചനകൾ. ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം മഞ്ഞപ്പടയുടെ റഡാറിൽ അർജന്റീന താരം ഫിലിപ് പസദോരെയുണ്ട്
താരത്തെ ടീമിൽ എത്തിക്കുന്ന കാര്യത്തിൽ ചർച്ചകൾ നടന്നുകഴിഞ്ഞെന്നും എന്നാൽ കരാർ കാര്യങ്ങളിൽ ഇരു കൂട്ടരും തമ്മിൽ ഇതുവരെ ധാരണയിൽ എത്തിയിട്ടില്ലെന്നുമാണ് സൂചനകൾ. 90nd Stoppage ആണ് ഈ വാർത്ത പുറത്ത് വിട്ടത്. വരും ദിവസങ്ങളിൽ ഈ നീക്കവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് സൂചനകൾ.
ഇരുപത്തിനാലുകാരനായ പസദോരെ കഴിഞ്ഞ സീസണിൽ മിന്നും ഫോമിൽ കളിച്ചിരുന്ന താരമാണ്. ബൊളീവിയൻ ലീഗിൽ സിഡിഎസ്എ ബുലോയുടെ പോയ സീസണിലെ ടോപ് സ്കോറർ കൂടിയായിരുന്നു അദ്ദേഹം. 18 കളികളിൽ 14 ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു കഴിഞ്ഞ സീസണിൽ ഈ അർജന്റൈൻ താരം നേടിയത്. നിലവിൽ ഫ്രീ ഏജന്റായ താരത്തിന്റെ മാർക്കറ്റ് വാല്യു നാല് കോടി രൂപയാണ്.
അതേ സമയം 2024-25 സീസണിൽ തങ്ങളുടെ ആദ്യ കിരീടമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ലക്ഷ്യം വെക്കുന്നത്. ഡ്യൂറൻഡ് കപ്പിൽ മികച്ച ഫോമിൽ കളിച്ച് തുടങ്ങിയെങ്കിലും ക്വാർട്ടറിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയോട് തോറ്റ് പുറത്താകാനായിരുന്നു മഞ്ഞപ്പടയ്ക്ക് വിധി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളിൽ നിന്ന് 16 ഗോളുകൾ അടിച്ചുകൂട്ടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു എന്നതും ശ്രദ്ധേയം.
അതേ സമയം സെപ്റ്റംബർ 13 നാണ് 2024-25 സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. മോഹൻ ബഗാൻ സൂപ്പർ ജയന്റും, മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 15 ന് തിരുവോണ ദിനത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഹോം ഗ്രൗണ്ടായ കൊച്ചിയിൽ നടക്കാനിരിക്കുന്ന കളിയിൽ പഞ്ചാബ് എഫ്സിയാണ് മഞ്ഞപടയുടെ എതിരാളികൾ. ആദ്യ കളിയിൽ കിടിലൻ ജയം നേടി മലയാളികൾക്ക് ഓണസമ്മാനം നൽകുകയാവും മഞ്ഞപ്പടയുടെ ലക്ഷ്യം.
അതേ സമയം കഴിഞ്ഞ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച ടീമിലും പരിശീലക സംഘത്തിലും അടിമുടി മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുന്നത്. പരിശീലകൻ മാറിയത് തന്നെയാണ് ഇതിലെ പ്രധാന ഹൈലൈറ്റ്. കഴിഞ്ഞ മൂന്ന് സീസണുകളിലും സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ച് ആയിരുന്നു മഞ്ഞപ്പടയെ പരിശീലിപ്പിച്ചിരുന്നത്. എന്നാൽ 2023-24 സീസണ് ശേഷം ഇവാനുമായി മഞ്ഞപ്പട വേർപിരിഞ്ഞു. പിന്നാലെ സ്വീഡിഷുകാരനായ മൈക്കിൾ സ്റ്റാറെയെ പുതിയ പരിശീലകനായി കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചു. മഞ്ഞപ്പടയുടെ കിരീട ശാപം അവസാനിപ്പിക്കാൻ സ്റ്റാറെയ്ക്ക് സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.