മോശം പ്രകടനത്തെ തുടർന്ന് മൈക്കേൽ സ്റ്റാറേയെ ക്ലബ് പുറത്താക്കിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ ആരാണെന്ന ചോദ്യം ഉയർന്ന് കഴിഞ്ഞു. നിലവിൽ റിസേർവ് ടീം പരിശീലകൻ തോമസ് ചോഴ്സാണ് ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകൻ. എന്നാൽ സ്ഥിര പരിശീലകന്റെ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്.
ഇവാൻ വുകോമനോവിച്ച് വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുമെന്ന റൂമറുകൾ സജീവമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനുള്ള സാദ്ധ്യതകൾ ഏറെയാണ്. അതിന്റെ സൂചനയും പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവാൻ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച പോസ്റ്റ് വലിയ രീതിയിൽ ചർച്ചയായിരുന്നു. പ്രസ്തുത പോസ്റ്റിൽ ഇവാൻ തിരിച്ച് വരവിന്റെ സൂചനകളും തന്നിരുന്നു. ഒരു ട്രാവൽ വീഡിയോ പങ്ക് വെച്ച ഇവാൻ ആശാൻ അതിന് തലവാചകമായി എഴുതിയത് ഇപ്രകാരമാണ്: പാറകൾക്കും മലകൾക്കും മനുഷ്യർ എന്താണ്?അവരുടെ രൂപം സൃഷ്ടിക്കുന്ന ഒരു ചലനം മാത്രം.
പർവതങ്ങളാണ് നമ്മുടെ രൂപങ്ങളെയും കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നതെന്ന് ചിലർ പറയുന്നു.
നമ്മൾ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്ന വർഷത്തിൻ്റെ ഭാഗമാണ് ശൈത്യകാലമെന്ന് ചിലർ വിശ്വസിക്കുന്നു.തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതുവരെ ചില ആളുകൾക്ക് അത് എത്ര പ്രധാനമാണെന്ന് അറിയില്ല.ശീതകാലം കൊണ്ട് ജ്ഞാനം വരുന്നു.’ എന്നാണ് ആശാന്റെ വാക്കുകൾ.
ഇതിൽ ആശാൻ അവസാനം കുറിച്ച രണ്ട് വരികളാണ് ഏറ്റവും ശ്രദ്ധേയം ‘ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതുവരെ ചില ആളുകൾക്ക് അത് എത്ര പ്രധാനമാണെന്ന് അറിയില്ല.ശീതകാലം കൊണ്ട് ജ്ഞാനം വരുന്നു’ എന്നാണ് ആ വാക്കുകൾ. തന്നെ പുറത്താക്കിയ നടപടിയെ കുറിച്ചും അത് മൂലം ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രതിസന്ധിയുമാണ് ആശാൻ ഈ വരികളിലൂടെ പറഞ്ഞതെന്നാണ് ചിലർ കണക്ക് കൂട്ടുന്നത്.
കൂടാതെ ‘ശീതകാലം കൊണ്ട് ജ്ഞാനം വരുന്നു’ എന്ന വാക്കുകളും ഏറെ പ്രസക്തമാണ്. നിലവിൽ ഐഎസ്എൽ ശീത കാല ട്രാൻസ്ഫർ വിൻഡോയ്ക്ക് ഒരുങ്ങുകയാണ്. ആശാൻ വീണ്ടും തിരിച്ച് വരുന്നു എന്ന സൂചനയായും പോസ്റ്റിനെ കണക്കാക്കുന്നു.